ജീവിത അനുഭവത്തിലൂടെയാണ് പലരും രക്തദാന മേഖലയിലേക്ക് കടന്നുവരുന്നത്. നമുക്ക് കേൾക്കാം പാലക്കാട് സ്വദേശി ജീസ് ചുങ്കത്തിന് പറയാനുള്ളത്.

ജീവിതാനുഭവങ്ങളാണ് പലരെയും രക്തദാനത്തിന്റെ മഹത്തായ വഴിയിലേക്ക് നയിക്കുന്നത്. അത്തരത്തിൽ ഒരു അനുഭവത്തിലൂടെ വന്ന ആളാണ് പാലക്കാട് സ്വദേശിയായ ജീസ് ചുങ്കത്ത്.

ഇരുപത്തിരണ്ടാം വയസ്സിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് ജീസിന്റെ ആദ്യ രക്തദാനം. ഇന്ന് നാല്പത്തിയഞ്ചാം വയസ്സിൽ, 2026 ജനുവരി 16 ആം തീയതി എഴുപതാം രക്തദാനവും പൂർത്തിയാക്കി, വരുന്ന ഏപ്രിൽ 16 ന് ശേഷം എഴുപത്തൊന്നാമത്തെ ദാനത്തിനായി അദ്ദേഹം കാത്തിരിക്കുകയാണ്.

ഒരു ദിവസം പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം റോഡിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടക്കുന്ന ഒരു യുവാവിനെ ജീസും സുഹൃത്തും ചേർന്ന് രക്ഷപ്പെടുത്തി. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും, പിന്നീട് നില ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും എത്തിച്ചു. അവിടെ ആ യുവാവിന് അടിയന്തിരമായി ആറുപേരുടെ B+ രക്തം ആവശ്യമായി വന്നപ്പോൾ, ആദ്യമായി തന്റെ രക്തം നൽകാൻ ജീസ് മുന്നോട്ട് വന്നു.

ആ നിമിഷം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അന്ന് തുടങ്ങിയ യാത്ര ഇന്നുവരെ തുടരുന്നു. സ്വന്തം അമ്മ ഉൾപ്പെടെ എഴുപത് രോഗികൾക്ക് തന്റെ ജീവരക്തം നൽകി അനവധി ജീവനുകൾക്ക് പ്രതീക്ഷയായാണ് ജീസ് മാറിയത്.

പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ ചെയ്ത ഈ മഹത്തായ സേവനത്തിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ അവാർഡ്, പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രത്യേക പുരസ്കാരം, അറുപത്തിരണ്ടാം ദാനത്തിനുശേഷം നാഷണൽ അച്ചീവേഴ്‌സ് അവാർഡ്, വെബ് വേൾഡ് റെക്കോർഡ്, പിന്നീട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഇതെല്ലാം അദ്ദേഹത്തിന്റെ സേവനത്തിന് ലഭിച്ച അംഗീകാരങ്ങളാണ്.

ജീസ് വിശ്വസിക്കുന്നത് ഒറ്റ കാര്യം മാത്രമാണ് “മറ്റൊരാളുടെ രക്തം ഒരു രോഗിക്ക് ജീവൗഷധമാണ്.” ആവശ്യമുണ്ടെങ്കിൽ നാം മുന്നോട്ട് വരണം. അന്യന്റെ ആവശ്യത്തെ അറിയാൻ സാധിക്കുന്നത് ദൈവനിമിത്തമാണ്. അത്തരത്തിൽ ഒരു അവസരം ലഭിക്കുമ്പോൾ പിന്തിരിയാതെ നിൽക്കുന്നതാണ് മനുഷ്യന്റെ യഥാർത്ഥ മഹത്വം.

ജീസ് ഇന്ന് ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനിലെ ഒരംഗമാകാനായി അംഗത്വമെടുത്തു.

www.aibda.org.in